യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ സ്വദേശിവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിനായി ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച നഫീസ് പദ്ധതിയില്‍ പുതിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് യുഎഇ സർക്കാർ. നഫീസ് പദ്ധതി പ്രകാരമുള്ള ആദ്യ അവാര്‍ഡുകളെ കുറിച്ചുള്ള പ്രഖ്യാപനം ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയും ഇമാറാത്തി ടാലന്റ് കോംപറ്റീറ്റീവ്നസ് കൗണ്‍സില്‍ ബോര്‍ഡ് ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനാണ് നടത്തിയത്.
സ്വദേശിവല്‍ക്കരണം മികച്ച രീതിയില്‍ നടപ്പിലാക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നഫീസ് പദ്ധതി വഴി നിയമിതരാവുന്ന സ്വദേശികളില്‍ മികച്ച സേവനം കാഴ്ചവയ്ക്കുന്ന സ്വദേശി ജീവനക്കാര്‍ക്കുമാണ് അവാര്‍ഡുകള്‍ നൽകുക.
സ്വദേശിവല്‍ക്കരണം നയങ്ങളുടെ വിജയത്തിന് യുഎഇ ഭരണകൂടം നല്‍കുന്ന മികച്ച പിന്തുണയും സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണ ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പുമാണ് ഈ അവാര്‍ഡ് പ്രതിഫലിപ്പിക്കുന്നതെന്ന് യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രി ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍ അവാര്‍ പറഞ്ഞു.