റാസൽഖൈമയിലെ വാദി ഷാഹയിലെ വെള്ളക്കുഴിയിൽ മുങ്ങി സ്വദേശികളായ 13 വയസ്സുള്ള കുട്ടിയും 39 വയസ്സുള്ള പിതാവും മരണപെട്ടതായി അധികൃതർ അറിയിച്ചു. ഇന്ന് ഡിസംബർ 28 ന് വൈകുന്നേരമാണ് ഇതുമായി ബന്ധപ്പെട്ട ഒരു കോൾ അധികൃതർക്ക് ലഭിച്ചത്, ഇതിനെ തുടർന്ന് റാസൽഖൈമ പോലീസിന്റെ മറൈൻ റെസ്ക്യൂ ബ്രാഞ്ച് ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു.
മഴവെള്ളം നിറഞ്ഞ കുഴിയിൽ കുട്ടി മുങ്ങിമരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. വെള്ളക്കുഴിയിൽ മുങ്ങിയ മകനെ രക്ഷിക്കാനായി പിതാവും കുഴിയിലേക്ക് എടുത്ത് ചാടുകയായിരുന്നു. ഒടുവിൽ മകനെ രക്ഷപ്പെടുത്താനാകാതെ അച്ഛനും മകനും മരണത്തിന് കീഴടങ്ങുകയായിരുന്നു.
മറൈൻ റെസ്ക്യൂ ഉദ്യോഗസ്ഥർ റബ്ബർ ബോട്ടുകൾ ഉപയോഗിച്ച് വ്യാപകമായ തിരച്ചിൽ നടത്തിയ ശേഷമാണ് ഇരുവരുടെയും മൃതദേഹങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞത്. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. മഴക്കാലത്ത് സുരക്ഷിതത്വം ഉറപ്പാക്കാൻ പർവതപ്രദേശങ്ങളിൽ നിന്നും വാടികളിൽ നിന്നും മാറി താമസിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.