ഇന്ത്യയിലെ പണമിടപാട് ഫോണിൽ ഒരു ഒറ്റ ക്ലിക്കിലൂടെ സാധ്യമാക്കിയ സേവനമായ യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (UPI) യുഎഇ അടക്കമുള്ള പത്ത് രാജ്യങ്ങളിൽ ഉടൻ സാധ്യമാകുമെന്ന് റിപ്പോർട്ടുകൾ.
പ്രവാസികളായ ഇന്ത്യക്കാർ കൂടുതൽ താമസിക്കുന്ന രാജ്യങ്ങളിലാണ് കേന്ദ്ര സർക്കാർ ഈ സേവനം ഉടൻ നടപ്പിലാക്കാൻ പോകുന്നത്. യുഎഇ, ഒമാൻ, ഖത്തർ,സൗദി അറേബ്യ,സിംഗപൂർ, യുഎസ്, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, യുകെ എന്നീ പത്ത് രാജ്യങ്ങളിലാണ് കേന്ദ്രം ഇന്ത്യക്കാരായ പ്രവാസികൾക്കായി യുപിഐ സേവനം ഒരുക്കാൻ പോകുന്നത്.
ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ വിവിധ പ്ലാറ്റ്ഫോമുകളിൽ യുപിഐ സേവനം ലഭ്യമാണ്. യുപിഐ വഴിയുള്ള പണമിടപാട് വൻ തോതിലാണ് രാജ്യത്ത് വർധിച്ചിരിക്കുന്നത്. ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഏറ്റവും പുതിയ തീരുമാനപ്രകാരം ഇന്ത്യക്ക് പുറത്തേക്കും യുപിഐ സേവനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. രാജ്യാന്തര മൊബൈൽ സേവനമുള്ളവർക്ക് അതുവഴി ഇന്ത്യക്ക് പുറത്ത് പത്ത് രാജ്യങ്ങളിൽ യുപിഐ സേവനം ഉറപ്പാക്കുകയാണ് കേന്ദ്രം.