യുഎഇയിൽ ഈ വർഷത്തെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ പാലിക്കാത്ത കമ്പനികൾക്ക് ചുമത്തുന്ന പിഴ വർദ്ധിപ്പിക്കുമെന്ന് യുഎഇ മന്ത്രി സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷത്തെ ടാർഗെറ്റുകൾ പാലിക്കാത്തതിന് കമ്പനികൾക്ക് ചുമത്തിയ 72,000 ദിർഹത്തിൽ നിന്ന് വാർഷിക പിഴ 84,000 ദിർഹം ആയിരിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി ഡോ അബ്ദുൾറഹ്മാൻ അൽ അവാർ ഇന്ന് വ്യാഴാഴ്ച ഒരു മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.
ഈ വർഷാവസാനത്തോടെ, 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികളിൽ 4 ശതമാനം എമിറാത്തികൾ ഉണ്ടായിരിക്കണം. നിയമിക്കാത്ത ഓരോ എമിറാറ്റിക്കും എന്ന തോതിൽ 84,000 ദിർഹം പിഴ ചുമത്തും.
2022 ലെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ട സ്വകാര്യ കമ്പനികൾക്കെതിരെ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) 400 ദശലക്ഷം ദിർഹം പിഴ ചുമത്തിയതായി ഇന്നലെ ബുധനാഴ്ച പ്രഖ്യാപിച്ചു. അതായത് 2 ശതമാനം എന്ന നിരക്കിൽ ഏകദേശം 9,293 കമ്പനികൾ 2022-ൽ തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിച്ചു.