കരിപ്പൂരിൽ കസ്റ്റംസിന്റെ നേതൃത്വത്തിൽ വീണ്ടും സ്വർണ്ണവേട്ട. ബ്ലൂട്ടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ട് കിലോ സ്വർണമാണ് കസ്റ്റംസ് പരിശോധനയിൽ പിടിച്ചെടുത്തത്. മണ്ണാർക്കാട് പെരിമ്പിടാരി കപ്പാരുവളപ്പിൽ ബഷീർ മകൻ ഹക്കീമാണ് പിടിയിലായത്. 1 കോടി 11 ലക്ഷം രൂപ വില മതിക്കുന്ന സ്വർണമാണ് പിടികൂടിയത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഗൾഫ് എയർ വിമാനത്തിൽ റിയാദിൽ നിന്നും ബഹ്‌റൈൻ വഴി എത്തിയതാണ് ഹക്കീം. ഹക്കീം കൊണ്ടുവന്ന ലഗേജിന്റെ എക്സ്റേ പരിശോധനയില്‍ ഐകോൺ ബ്രാൻഡ് ബ്ലൂടൂത് സ്പീക്കറിന്റെ ഇമേജിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി നടത്തിയ പരിശോധനയിൽ ബ്ലൂടൂത്ത് സ്പീക്കറിന്റെ മാഗ്‌നട്ടുകൾ മാറ്റി ആ സ്ഥാനത്തു രണ്ടു സ്വർണക്കട്ടികൾ വെച്ചത് കണ്ടെത്തിയത്. കള്ളക്കടത്തു സംഘം ഹക്കീമിന് 70000/- രൂപയും ടിക്കറ്റുമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തി വരികയാണ് എന്ന് കസ്റ്റംസ് അറിയിച്ചു.