അബുദാബിയിലെ ഒരു തൊഴിലാളിക്ക് ഇറച്ചി മുറിയ്ക്കുന്ന മെഷീനില്‍ കുടുങ്ങി കൈ നഷ്ടമായതിനെത്തുടർന്ന് തൊഴിലാളിയുടെ ശാരീരികവും ഭൗതികവുമായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി 150,000 ദിർഹം പ്രതിഫലം നൽകാൻ അബുദാബി അപ്പീൽ കോടതി ഉത്തരവിട്ടു.
200,000 ദിർഹം നഷ്ടപരിഹാരമാണ് തൊഴിലാളി കോടതിയിൽ ആവശ്യപ്പെട്ടത്. ഇറച്ചി മുറിയ്ക്കുന്ന മെഷീനിൽ വലതു കൈ കുടുങ്ങിയപ്പോൾ താൻ ഡ്യൂട്ടിയിലായിരുന്നു. കമ്പനിയുടെ അനാസ്ഥയും ഉചിതമായ സുരക്ഷയും സംരക്ഷണ നടപടികളും ഒരുക്കുന്നതിൽ പരാജയപ്പെട്ടതുമാണ് അപകടത്തിന് കാരണമെന്ന് തൊഴിലാളി കുറ്റപ്പെടുത്തി.
തുടർന്ന് അബുദാബി ക്രിമിനൽ കോടതി ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് കമ്പനി കുറ്റക്കാരനാണെന്ന് കണ്ടെത്തി 10,000 ദിർഹം പിഴയടക്കാൻ ഉത്തരവിട്ടു. കമ്പനി തൊഴിലാളിക്ക് 100,000 ദിർഹം നൽകാനും ഉത്തരവിട്ടു. അപകടത്തെത്തുടർന്ന് ഒരു കൈ നഷ്‌ടപ്പെട്ടതിന് ശേഷം തന്റെ ചില ജോലികൾ ചെയ്യാൻ കഴിയില്ലെന്ന് തൊഴിലാളി ഊന്നിപ്പറഞ്ഞിരുന്നു. എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം, അപ്പീൽ കോടതിയുടെ ജഡ്ജി നഷ്ടപരിഹാരം 150,000 ദിർഹമായി ഉയർത്തുകയായിരുന്നു.