ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റും ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ഇതോടെ 12000ത്തോളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും. ആറ് ശതമാനം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്. ടെക്‌നോളജി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികളിൽ എല്ലാം ഇപ്പോൾ ജീവനക്കാരെ പിരിച്ചുവിടുകയാണ്. കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നുവെന്ന് വാർത്തയുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഗൂഗിളിന്റെ നടപടിയും.
ആഗോളതലത്തിലാണ് കമ്പനി വെട്ടിച്ചുരുക്കൽ നടപടി സ്വീകരിച്ചിരിക്കുന്നത്. യുഎസിലെ ജീവനക്കാരെ ഈ നടപടി ഉടൻ ബാധിക്കുമെന്നാണ് റിപ്പോർട്ട്. ആൽഫബെറ്റ് ഇതിനകം തന്നെ പിരിച്ചുവിടുന്ന ജീവനക്കാർക്ക് മെയിൽ അയച്ചിട്ടുണ്ട്. അതേസമയം പ്രാദേശിക തൊഴിൽ നിയമങ്ങളും സമ്പ്രദായങ്ങളും കാരണം മറ്റ് രാജ്യങ്ങളിൽ ഇതിന് കൂടുതൽ സമയമെടുക്കുമെന്ന് മെമ്മോയിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറയുന്നു. പിരിച്ചുവിടൽ നടപടിയിലേക്ക് എത്തിച്ച തീരുമാനങ്ങളുടെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നുവെന്നാണ് സുന്ദർ പിച്ചൈ പറഞ്ഞത്.