കേരള പൊലീസിന്‍റെ സോഷ്യൽ മീഡിയ ഇടപെടലുകളെ പഠനവിധേയമാക്കി ടെക്ക് ഭീമന്മാരായ മൈക്രോസോഫ്റ്റ്. ജനങ്ങളുമായി സംവദിക്കുന്നതിന് ഭരണകൂട സ്ഥാപനങ്ങൾ സാധാരണയായി ഉപയോഗിച്ചുവരുന്ന മാർഗങ്ങളിൽ നിന്നും വ്യത്യസ്‍തമായി സോഷ്യൽ മീഡിയയെ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുവെന്നും അതിന്‍റെ സ്വാധീനത്തെക്കുറിച്ചും വിലയിരുത്തുന്ന ഗവേഷണത്തിൽ ഇന്ത്യയിൽ നിന്നും തെരഞ്ഞെടുത്തത് കേരള പൊലീസിനെയാണ്.
ഫെയ്സ്ബുക്ക് പേജിൽ അടുത്തിടെ നടത്തിയ ശ്രദ്ധേയമായ മുന്നേറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് കേരള പൊലീസിനെ തെരെഞ്ഞെടുത്തത്. സർക്കാർ സംവിധാനത്തിന്‍റെ പരമ്പരാഗത രീതികളിൽ നിന്നും വ്യത്യസ്തമായി നവമാധ്യമങ്ങളിലൂടെ പൊതുജനങ്ങളുമായുള്ള ആശയ വിനിമയത്തിന് കേരള പൊലീസിന് ലഭിക്കുന്ന ജനപിന്തുണയും പഠനവിഷയമാണ്.
മൈക്രോസോഫ്റ്റ് ബാംഗ്ലൂർ ഗവേഷണ കേന്ദത്തിന്‍റെ കീഴിൽ നടക്കുന്ന പഠനത്തിന്‍റെ ഭാഗമായി ഗവേഷകയായ ദ്രുപ ഡിനി ചാൾസ് പൊലീസ് ആസ്ഥാനത്തെത്തി കേരള പോലീസ് സോഷ്യൽ മീഡിയ സെൽ നോഡൽ ഓഫീസർ ഐ.ജി മനോജ് എബ്രഹാം, മീഡിയ സെല്ലിലെ ഉദ്യോഗസ്ഥർ എന്നിവരുമായി ആശയവിനിമയം നടത്തി. പൊലീസ് സേനകളിൽ ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയാർജിച്ച ഫെയ്സ്ബുക്ക് പേജ് എന്ന നേട്ടം കൈവരിച്ച കേരള പൊലീസിന്‍റെ ഫെയ്സ്ബുക്ക് പേജ് ന്യൂയോർക് പൊലീസ്, ക്വീൻസ്‌ലാൻഡ് പൊലീസ് എന്നിവരെ പോലും പിന്നിലാക്കി ലോകശ്രദ്ധ നേടിയിരിക്കുകയാണ്.
പുതുവത്സരത്തിൽ ഒരു മില്യൺ പേജ് ലൈക് എന്ന ലക്ഷ്യത്തിനായി പൊതുജനസഹായം തേടിയ കേരള പൊലീസിന് ആവേശകരമായ പിന്തുണയാണ് നവമാധ്യമങ്ങളിൽ ലഭിക്കുന്നത്. പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും അറിവുകളും ട്രോളുകളിലൂടെയും വീഡിയോകളിലൂടെയും പോസ്റ്റുകളിലൂടെയും പങ്കുവയ്ക്കപ്പെടുന്ന ഈ പേജിലെ കമന്‍റുകൾക്കുള്ള രസകരമായ മറുപടികളും വൈറലാണ്.