ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ദുബായിൽ പുതിയ സ്കൂൾ ബസുകൾ പുറത്തിറക്കി.റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (RTA) ദുബായ് ടാക്സി കോർപ്പറേഷൻ (DTC) എന്നിവർ ചേർന്നാണ് ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വാഹനങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തിയിരിക്കുന്നത്.
എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റുമായി (ESE) സഹകരിച്ച് നടത്തുന്ന ഈ നീക്കം പൊതുവിദ്യാലയങ്ങളിലെ സ്കൂൾ ബസ് സർവീസുകളിൽ നിന്നുള്ള ഗുണഭോക്താക്കളുടെ എണ്ണം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു. സ്കൂളുകളുടെ ആവശ്യത്തിനും വിദ്യാർത്ഥികളുടെ എണ്ണത്തിനും അനുസരിച്ച് സ്കൂൾ ബസുകൾ ഘടിപ്പിച്ച് വിന്യസിക്കുന്നതിനൊപ്പം ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്ന ഉയർന്ന തലത്തിലുള്ള സേവനങ്ങൾ നൽകാൻ ഡിടിസി താൽപ്പര്യപ്പെടുന്നു.
വീൽചെയർ അടക്കം കയറ്റാവുന്ന തരത്തിലാണ് പുതിയ സ്കൂൾ വാഹനം. ഒരു വാഹനത്തിൽ 4 കുട്ടികളെ കൊണ്ടുപോകാം. രണ്ട് വീൽചെയറിനും രണ്ടു പ്രത്യേക ഇരിപ്പിടത്തിനുമുള്ള സൗകര്യമാണ് വാഹനത്തിലുള്ളത്. ആദ്യ ഘട്ടത്തിൽ 8 ബസുകളാണ് നിരത്തിലിറക്കിയിരിക്കുന്നത്.