ഡൺ ബാഷിംഗിന് സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്ന് ഡ്രൈവർമാരോട് അഭ്യർത്ഥിച്ച് ദുബായ് പോലീസ്. ഡൺ ബാഷിംഗ് എസ്കേഡിനായി മരുഭൂമിയിലേക്ക് പോകുമ്പോൾ എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിക്കണമെന്ന് ഡ്രൈവർമാരോട് ദുബായ് പോലീസ് ആവശ്യപ്പെട്ടു. ഇതിനായി ദുബായ് പോലീസ് ഒരു ബോധവത്കരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
പൊതുജന സുരക്ഷ ഉറപ്പാക്കാൻ, അൽ അവീർ, ലഹ്ബാബ്, മാർഗം മരുഭൂമി പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ടൂർ കമ്പനികളുടെ ഡ്രൈവർമാർക്കായി പ്രത്യേകമായി ദുബായ് പോലീസ് കാമ്പയിൻ ആരംഭിച്ചതായി ടൂറിസ്റ്റ് പോലീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗ് ഖൽഫാൻ അൽ ജലാഫ് പറഞ്ഞു.
മരുഭൂമിയിൽ സാധ്യമായ തടസ്സങ്ങൾക്കും കുണ്ടുംകുഴികൾക്കും വേണ്ടി വാഹനങ്ങൾ തയ്യാറാക്കുക, ടയർ മർദ്ദം ക്രമീകരിക്കുക, എപ്പോഴും ഓഫ്-റോഡ് എമർജൻസി സപ്ലൈസ് കൊണ്ടുവരിക, അതിൽ ഒരു സുരക്ഷാ കിറ്റും മറ്റ് അവശ്യവസ്തുക്കളും ഉണ്ടായിരിക്കണം,ഫോർ-വീൽ ഡ്രൈവിലേക്ക് മാറി സാവധാനത്തിലും സ്ഥിരതയിലും ഡ്രൈവ് ചെയ്യുക, അതുവഴി നിങ്ങൾക്ക് മരുഭൂമിയിലൂടെ എളുപ്പത്തിൽ സഞ്ചരിക്കാനാകും. പോലീസ് വിശദീകരിച്ചു.
ലഹ്ബാബ് ഏരിയയിലെ 1500 ഡ്രൈവർമാർക്കും അൽ അവീറിൽ 1000 പേർക്കും മാർഗമിൽ 500 പേർക്കുമായി 3000 ബോധവൽക്കരണ ബ്രോഷറുകൾ വിതരണം ചെയ്തതായി ബ്രിഗ് അൽ ജലാഫ് പറഞ്ഞു. മരുഭൂമിയിൽ അടിയന്തര സാഹചര്യമുണ്ടായാൽ പൊതുജനങ്ങൾക്ക് 999 എന്ന നമ്പറിൽ ദുബായ് പോലീസുമായി ബന്ധപ്പെടാം.