ദുബായിൽ ഒരു വില്ലയിലെ ചവറ്റുകുട്ടയിൽ നിന്ന് 815,000 ദിർഹം മോഷ്ടിച്ചതിന് രണ്ട് മെയിന്റനൻസ് തൊഴിലാളികൾക്ക് ജയിൽ ശിക്ഷയും നാടുകടത്തലും വിധിച്ചു.
ഒരു അറബ് യുവതി തന്റെ വില്ലയുടെ ടെറസിലെ ചെറിയ ചവറ്റുകുട്ടയിൽ ഒളിപ്പിച്ച തന്റെ പണം അവധിക്ക് നാട്ടിൽ നിന്ന് പോയപ്പോൾ മോഷ്ടിച്ചതായി കാണിച്ച് റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണ് രണ്ട് മെയിന്റനൻസ് തൊഴിലാളികൾ കുടുങ്ങിയത്. എസി മെയിന്റനൻസ് നടത്തുന്നതിനായി പ്രവേശിച്ച രണ്ട് മെയിന്റനൻസ് തൊഴിലാളികളാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്.
വില്ലയിലെ ചവറ്റുകുട്ടയിൽ നിന്നും കിട്ടിയ തുകയെ കുറിച്ച് ഇവർ അധികൃതരോട് സംസാരിച്ചില്ല. ജോലിക്ക് പോയ വീട്ടിലെ ആരോടും വിഷയം സംസാരിച്ചില്ല. തുക രണ്ട് പേരും കൂടി വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ചു. അവിടെ താമസിച്ചിരുന്ന വീട്ടുടമയായ അറബ് യുവതി ഒളിപ്പിച്ചുവെച്ച പണം ആയിരുന്നു അത്.
അവധിക്ക് പോയി തിരിച്ചു വന്ന വീട്ടുടമയായ അറബ് യുവതി ചവറ്റുകുട്ടയിൽ ഒളിപ്പിച്ചുവെച്ച പണം കാണാതായതിനെത്തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ദുബായ് പോലീസ് പ്രത്യേക സംഘത്തെ കേസ് അന്വേഷിക്കുന്നതിന് വേണ്ടി നിയോഗിച്ചു. സമീപ പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. അതിൽ നിന്നാണ് വില്ലയിൽ അറ്റകുറ്റപ്പണികള്‍ക്കായി എത്തിയ രണ്ട് പ്രവാസികളിലേക്ക് അന്വേഷണം നീങ്ങുന്നത്.
രണ്ട് തൊഴിലാളികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തപ്പോൾ, താനും സഹപ്രവർത്തകനും ചവറ്റുകുട്ടയിൽ നിന്ന് 815,000 ദിർഹം കണ്ടെത്തിയതായി ഒന്നാം പ്രതി പറഞ്ഞു. പണം തങ്ങൾക്കിടയിൽ പങ്കിടാൻ അവർ സമ്മതിച്ചു. രാജ്യത്തിന് പുറത്ത് താമസിക്കുന്ന തന്റെ കുടുംബത്തിന് 345,000 ദിർഹം അയച്ചതായും അദ്ദേഹം പറഞ്ഞു. സ്വന്തം നാട്ടിലെ കുടുംബത്തിന് 322,000 ദിർഹം അയച്ചതായി രണ്ടാം പ്രതി പറഞ്ഞു.
രാജ്യത്തിന് പുറത്തേക്ക് അയച്ച പണം കണ്ടെടുത്തു. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി മരാമത്ത് തൊഴിലാളികളെ കുറ്റക്കാരായി കണ്ടെത്തി അവരെ മൂന്ന് മാസത്തെ തടവിന് ശിക്ഷിക്കുകയും പിന്നീട് നാടുകടത്തുകയും ചെയ്തു. ഇവരിൽ നിന്ന് 165,000 ദിർഹം പിഴയും ചുമത്തിയിട്ടുണ്ട്.