തുർക്കി – സിറിയ ഭൂകമ്പ ബാധിതരെ സഹായിക്കാൻ എന്ന പേരിൽ സോഷ്യൽ മീഡിയകളിലൂടെ പണപ്പിരിവ് നടത്തുന്നത് ശ്രദ്ധയിൽപെട്ടതായി യുഎഇ അധികൃതർ മുന്നറിയിപ്പ് നൽകി.
സോഷ്യൽ മീഡിയകളിലൂടെ സഹായം ആവശ്യപ്പെട്ടു ബാങ്ക് വിവരങ്ങളും വെബ്സൈറ്റ് ലിങ്കുകളും നൽകും. ഇത്തരം വ്യാജന്മാർക്ക് അയച്ചു കൊടുക്കുന്ന പണം ആവശ്യക്കാർക്കു ലഭിക്കില്ലെന്ന് അധികൃതർ നൽകിയ മുന്നറിയിപ്പിൽ പറയുന്നു.
അംഗീകൃത സർക്കാർ സംഘടനകൾ വഴി മാത്രമേ ദുരിതാശ്വാസ സഹായങ്ങൾ നൽകാവൂ. ഏതെങ്കിലും മാധ്യമങ്ങളിലൂടെ പണപ്പിരിവ് നടത്തുന്നതു യുഎഇയിൽ ശിക്ഷാർഹമാണ്.വ്യക്തികളായാലും കൂട്ടായ്മ വഴിയാണെങ്കിലും സംഭാവനകൾ സ്വീകരിക്കാൻ സർക്കാർ അനുമതി വേണം. ഇത്തരം പ്രവൃത്തികൾക്ക് തടവും 2 മുതൽ 5 ലക്ഷം ദിർഹം വരെയാണ് പിഴ.