ദുബായിൽ പുതിയ എയർ ടാക്‌സി സ്റ്റേഷനുകളുടെ രൂപകല്പനയ്ക്ക് യുഎഇ വൈസ് പ്രസിഡന്റ് അംഗീകാരം നൽകി. മൂന്ന് വർഷത്തിനുള്ളിൽ എമിറേറ്റിൽ എയർ ടാക്സികൾ സർവീസ് ആരംഭിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ കുറിച്ചു.
ഇതോടെ, വെർട്ടിപോർട്ടുകളുടെ പൂർണമായി വികസിപ്പിച്ച ശൃംഖലയുള്ള ലോകത്തിലെ ആദ്യത്തെ നഗരമായി ദുബായ് മാറും. ഡൗൺടൗൺ ദുബായ് (ബുർജ് ഖലീഫ ഏരിയയ്ക്ക് സമീപം), ദുബായ് മറീന, ദുബായ് ഇന്റർനാഷണൽ എയർപോർട്ട്, പാം ജുമൈറ എന്നിവയ്‌ക്കിടയിലുള്ള സ്റ്റേഷനുകളാണ് നിലവിൽ എയർ ടാക്‌സികൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നത്.