ഭൂകമ്പത്തെ തുടർന്ന് തകർന്നടിഞ്ഞ തുർക്കിക്കും സിറിയയ്ക്കും സഹായം പ്രഖ്യാപിച്ച് പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ. രക്ഷാപ്രവർത്തനങ്ങൾക്കും പുനഃരധിവാസത്തിനും പിന്തുണ നൽകാനായി അഞ്ച് മില്യൺ ദിർഹം (ഏകദേശം 11 കോടി ഇന്ത്യൻ രൂപ) ധനസഹായം ബുർജീൽ ഹോൾഡിങ്സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുൻപന്തിയിലുള്ള എമിറേറ്റ്സ് റെഡ് ക്രസന്റിന് ഡോ. ഷംഷീർ സഹായം കൈമാറി. മരുന്നുകൾ ഉൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ എത്തിക്കാൻ ആദ്യഘട്ടത്തിൽ റെഡ് ക്രസന്റ് സഹായം ഉപയോഗിക്കും. ഒപ്പം ദുരന്തത്തിന് ഇരയായവരെ പുനഃരധിവസിപ്പിക്കാനും വീട് നഷ്ടമായവരെ മാറ്റിപ്പാർപ്പിക്കാനുമുള്ള പ്രവർത്തങ്ങൾക്കും ഈ പിന്തുണ ഗുണകരമാകും.
ഫെബ്രുവരി ആറിന് ആയിരുന്നു ലോകത്തെ തന്നെ നടുക്കിയ ഭൂകമ്പം തുർക്കിയിലും സിറിയയിലും ഉണ്ടായത്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 35,000 ത്തിലധികം പേരാണ് ഇരു രാജ്യങ്ങളിലുമായി കൊല്ലപ്പെട്ടത്. ഭൂകമ്പത്തിൽ തകർന്ന ഇരു രാജ്യങ്ങളെയും സഹായിക്കാൻ യുഎഇയും ഇന്ത്യയും എല്ലാ വിധത്തിലുമുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് ഡോ. ഷംഷീറും തന്റെ സഹയാവും പ്രഖ്യാപിക്കുന്നത്. ഭൂകമ്പ ബാധിത മേഖലയിൽ സഹായവും ദുരിതാശ്വാസ പ്രവർത്തകരുമായി നിരവധി വിമാനങ്ങളാണ് യുഎഇ അയച്ചത്.