ഷാർജ ബുതീനയിൽ പാക്കിസ്ഥാനിയുടെ കുത്തേറ്റ് മരിച്ച പാലക്കാട് തൃക്കാക്കല്ലൂർ തച്ചിലംപാറ കല്ലുങ്കുഴി അബ്ദുൾ ഹക്കീം (30) പടലത്തിന്റെ മൃതദേഹം ഇന്ന് ഫെബ്രുവരി 15 ന് രാത്രി നാട്ടിലെത്തിക്കും.
യുഎഇ സമയം രാത്രി 11.45ന് ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ AI 998 വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോവുക. ഹംസ പടലത്ത് സക്കീന ദമ്പതികളുടെ മകനാണ് അബ്ദുൾ ഹക്കീം.അബ്ദുൾ ഹക്കീമിന്റെ കുടുംബം ഷാർജയിൽ നിന്ന് അടുത്തിടെയായിരുന്നു നാട്ടിലേക്ക് മടങ്ങിയത്.
ഷാർജയിലെ നെസ്റ്റോ ഗ്രൂപ്പ് ഹെെപ്പർ മാർക്കറ്റിൽ ആണ് ഹക്കീം ജോലി ചെയ്തിരുന്നത്. ഇതിന്റെ അടുത്തുള്ള കഫ്റ്റീരിയിൽ ആണ് സംഭവം നടന്നത്. ഇവിടെ വെച്ച് കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയിൽ നടന്ന വഴക്കാണ് ഹക്കീമിന്റെ മരണത്തിൽ എത്തിച്ചത്.
അബ്ദുൾ ഹക്കീമിന്റെ സഹപ്രവർത്തകൻ മലപ്പുറം സ്വദേശി ഫവാസ് ചായ കുടിക്കാൻ ചെന്നപ്പോൾ അവിടെയെത്തിയ പ്രതി പാക്കിസ്ഥാനി വാക്ക് തർക്കത്തിലേർപ്പെടുകയായിരുന്നു. തുടർന്ന് ഫവാസിന്റെ മുഖത്തേക്ക് ചായ ഒഴിക്കുകയായിരുന്നു. സംഭവം കണ്ട അബ്ദുൾ ഹക്കീം പ്രശ്നം പരിഹരിക്കാൻ വേണ്ടി അവിടെയെത്തുകയായിരുന്നു.എന്നാൽ, പ്രകോപിതനായ പ്രതി അബ്ദുൾ ഹക്കീമിനെ ഷവർമ സ്റ്റാളിൽ നിന്ന് കത്തിയെടുത്ത് കഴുത്തിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അബ്ദുൾ ഹക്കീമിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.