2022 ഒക്ടോബറിൽ ദുബായിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി കടലൂർ പുത്തലത്ത് വീട്ടിൽ അമൽ സതീഷിനെയാണ് (29) ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
2022 ഒക്ടോബർ 20 നാണ് അമൽ സതീഷിനെ ദുബായിൽ നിന്ന് കാണാതാവുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണം അവസാനം ചെന്നെത്തിയത് മോർച്ചറിയിലാണ്. മോർച്ചറിയിലുണ്ടെന്ന റാഷിദിയ പോലീസിന്റെ അറിയിപ്പിനെത്തുടർന്ന് മൃതദേഹം തിരിച്ചറിയുകയായിരുന്നു.
കുറച്ചു നാൾ മുൻപ് അമൽ സതീഷിന്റെ പിതാവ് യുഎഇയിലെത്തി കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും വിവരമൊന്നും ലഭിക്കാത്തതിനെതുടർന്ന് തിരിച്ച് നാട്ടിലേക്ക് പോകുകയായിരുന്നു. അമൽ സതീഷിനെ എങ്ങനെയാണ് മരണത്തിലേക്ക് നയിച്ചതെന്നത് ഇപ്പോഴും ദുരൂഹമാണ്.
സാമൂഹ്യ പ്രവർത്തന രംഗത്തുള്ള തമീം അബുബക്കർ, ഫൈസൽ കണ്ണോത്ത്, കുഞ്ഞഹമ്മദ് പേരാമ്പ്ര, നസീർ വാടാനപ്പിള്ളി എന്നിവരുടെ ഇടപെടൽ കൊണ്ടാണ് അമൽ സതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഉടൻ നാട്ടിലേക്ക് കൊണ്ട് പോകാനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ്.