ടയറില്‍ വിള്ളൽ വീണ് പുറംപാളി ഇളകിയതിനാൽ ദുബായ്-തിരുവനന്തപുരം എയർ ഇന്ത്യാ എക്‌സ്‌പ്രസ് വിമാനം ഇന്നലെ ഞായറാഴ്ച രാവിലെ 5.40 ന് അടിയന്തരമായി ലാൻഡ് ചെയ്തു. അപകടകരമായ സാഹചര്യത്തിൽ വിമാനം ഇറക്കേണ്ടിവരുമെന്ന് എയർ ട്രാഫിക് കൺട്രോളിൽ നിർദേശം നൽകിയിരുന്നു.
വിമാനം സുരക്ഷിതമായിതന്നെയാണ് ലാൻഡ് ചെയ്തത്. വിമാനത്തില്‍ 148 യാത്രക്കാർ ഉണ്ടായിരുന്നു. വിമാനത്തിന്റെ മുന്‍വശത്തെ ടയറില്‍ പൊട്ടല്‍ കണ്ടതോടെയാണ് ഐ എക്സ് 540 നമ്പർ വിമാനം അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടിയത്. തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നേരിടാനുള്ള സംവിധാനങ്ങള്‍ വിമാനത്താവളത്തില്‍ സജ്ജമാക്കി. അടിയന്തരമായി നിലത്തിറക്കിയ വിമാനം റണ്‍വേയില്‍ മറ്റ് അപകടങ്ങള്‍ക്ക് വഴിവയ്ക്കാതെ ഓടിനിന്നു. തുടർന്നുള്ള പരിശോധനയിൽ ടയറുകളിലൊന്നിന്റെ പുറംപാളി പാടെ ഇളകി പോയിട്ടുണ്ടെന്ന് കണ്ടെത്തി.