ദുബായ്: യു.എ.ഇ.യിലെ ഏറ്റവും മികച്ച ബ്രാൻഡുകളുടെ പട്ടിക പ്രമുഖ ഓഡിറ്റ് സ്ഥാപനമായ കെ.പി.എം.ജി. പുറത്തിറക്കി. ഉപഭോക്താക്കൾക്ക് നൽകി വരുന്ന ഏറ്റവും മികച്ച സേവനങ്ങളും കോവിഡ് സമയത്തെ ഡിജിറ്റൽ സേവനങ്ങളെയും മുൻ നിർത്തിയാണ് 2022 ലെ യു.എ.ഇ.യിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കിയത്. യു.എ.ഇ.യിൽ വസിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള 89,000 ലധികം ആളുകളുടെ അഭിപ്രായവും ഇതിൽ നിർണ്ണായകമായി
പട്ടിക അനുസരിച്ച് ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻ, സ്വീഡൻ ആസ്ഥാനമായ ഫർണ്ണിച്ചർ റീട്ടെയിലറായ ഐക്കിയ, ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു എന്നിവയാണ് പട്ടികയിൽ മുന്നിൽ നിൽക്കുന്ന സ്ഥാപനങ്ങൾ.
ഡിജിറ്റൽ രംഗത്തെ സേവനങ്ങളും അത് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ചതും ആകർഷകവുമായ ഓഫറുകൾ നൽകുവാനുമുള്ള പ്രാപ്തിയും ഉപഭോക്താക്കളുമായുള്ള ഇടപെടലുകളും മൂന്ന് സ്ഥാപനങ്ങൾക്കും പട്ടികയുടെ മുൻ പന്തിയിൽ എത്താൻ സഹായകരമായി.
ഒന്നിലധികം മേഖലകളിൽ നൽകുന്ന വിവിധ സേവനങ്ങളെയും മറ്റ് സൗകര്യങ്ങളെയും ഉപഭോക്താക്കൾ ഏറെ വിലമതിക്കുന്നുവെന്നാണ് റിപ്പോർട്ട് കണ്ടെത്തിയിരിക്കുന്നതെന്ന് കെ,പി.എം.ജി. ലോവർ ഗൾഫ് മേധാവി ഗോൺകാളോ ട്രാക്വീന അഭിപ്രായപ്പെട്ടു. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജനസ് ഉൾപ്പെടെ ഇന്ന് ലഭ്യമായ എല്ലാ സാങ്കേതിക വിദ്യകളും ഇന്ന് സ്ഥാപനങ്ങൾ ഉപയോഗിക്കുന്നുണ്ട്. വിപണിയിലെ കടുത്ത മത്സരങ്ങൾ സ്ഥാപനങ്ങളെ കൂടുതൽ മേന്മയുള്ളതാക്കി മാറ്റുവാൻ പ്രേരിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു
യു.എ.ഇ.യിലെ ഏറ്റവും മികച്ച ബ്രാൻഡുകളുടെ പട്ടികയിൽ ലുലു ഹൈപ്പർ മാർക്കറ്റും ഉൾപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ഉപഭോക്താക്കൾക്ക് ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ ഏറ്റവും മികച്ച വിലയിൽ നൽകുക എന്നതാണ് ഗ്രൂപ്പിൻ്റെ മുഖ്യലക്ഷ്യം.
മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിൻ്റെയും സഹകരണത്തിൽ എന്നും നന്ദിയുള്ളവരാണ്. യു,എ.ഇ. ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ നൽകി വരുന്ന പിന്തുണ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണെന്നും യൂസഫലി കൂട്ടിച്ചേർത്തു.
ഗൾഫ് രാജ്യങ്ങൾ, ഈജിപ്തി, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലായി 247 ഹൈപ്പർ മാർക്കറ്റുകളുള്ള ലുലു ഗ്രൂപ്പിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 65,000 പരം ആളുകളാണ് ജോലി ചെയ്യുന്നത്. യു.എസ്. ബ്രിട്ടൺ, ഇറ്റലി, സ്പെയിൻ, ദക്ഷിണാഫ്രിക്ക, ഫിലിപ്പൈൻസ്, തായ്‌ലാൻഡ്, ശ്രീലങ്ക ഉൾപ്പെടെ 23 രാജ്യങ്ങളിൽ ലോജിസ്റ്റിക്സ് കേന്ദ്രങ്ങളും ലുലു ഗ്രൂപ്പിനുണ്ട്. അടുത്ത് തന്നെ ആസ്ത്രേലിയയിലെ മെൽബണിലും പുതിയ ലോജിസ്റ്റിക്സ് കേന്ദ്രം ലുലു തുടങ്ങുന്നുണ്ട്.