കൾട്ട് ക്രിട്ടിക്ക് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ രണ്ടു പുരസ്‌കാരങ്ങൾ നേടി യു എ ഇയിൽ പ്രവർത്തിക്കുന്ന അൻബൻ ഗോവിന്ദരാജൻ സംവിധാനം ചെയ്ത “ഹൂ ഒഡേർഡ് ലവ്?” എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമായി. മികച്ച നിശബ്ദ ചിത്രം, മികച്ച നവാഗത ചിത്രം എന്നീ പുരസ്‌കാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്.
അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ മേളയിൽ വിവിധ ഭാഷകളിൽ നിന്ന് നിരവധി വിഭാഗങ്ങളിലായി നൂറുകണക്കിന് ചിത്രങ്ങൾ പുരസ്‌കാര മേളയിൽ മാറ്റുരച്ചു.
അൻബൻ ഗോവിന്ദരാജന്റെ രണ്ടാമത്തെ ഷോർട്ട് ഫിലിമാണ് അവാർഡിന് അർഹമായ “ഹൂ ഒഡേർഡ് ലവ്?”. നേരത്തെ അദ്ദേഹം സംവിധാനം ചെയ്ത “ലവ് ചെക്ക്” എന്ന ചിത്രം അഞ്ചോളം അന്താരാഷ്ട്ര മേളകളിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.
ഇമാമിയുടെ മാർക്കറ്റിംഗ് വിഭാഗത്തിൽ ഡെപ്യൂട്ടി ജനറൽ മാനേജർ ആയ അദ്ദേഹം മലയാള ചിത്രം ‘കുട്ടൻപിള്ളയുടെ ശിവരാത്രി’, തമിഴ് ചിത്രം “കണ്ണേ കലൈമാനെ” എന്നീ രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടുതൽ ഷോർട്ട് ഫിലിമുകൾ ചെയ്യാൻ ആഗ്രഹിക്കുന്നതായി അവാർഡ് നേട്ടത്തോട് പ്രതികരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.