ദുബായിലെ ചലന വൈകല്യമുള്ള ഒരു മലയാളി കായികതാരം ”സുജിത് കോശി വർഗീസ്” വീൽചെയറിന്റെ ആകൃതിയിൽ 8.71 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ‘ജിപിഎസ് ചിത്രം ’ വരച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചു. ദുബായ് പോലീസിന്റെ പിന്തുണയോടെയാണ് ഈ നേട്ടം കൈവരിക്കാനായത്.
സുജിത് കോശി വർഗീസിന്റെ നേട്ടത്തെ ദുബായ് പോലീസ് ഇന്നവേഷൻ കൗൺസിൽ വൈസ് പ്രസിഡന്റ് മേജർ ഖാലിദ് ഖലീഫ അൽ മസ്‌റൂയി അനുമോദിച്ചു.
ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർരി, ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ്, വർഗീസിന്റെ ലക്ഷ്യത്തിലെത്താൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കുന്നതിന് സേനയോട് നിർദ്ദേശിച്ചതായി അദ്ദേഹം പറഞ്ഞു. ആംബുലൻസ്, ഡ്രോണുകൾ, സുരക്ഷാ, ട്രാഫിക് പട്രോളിംഗ് തുടങ്ങിയ ലോജിസ്റ്റിക്, ഫീൽഡ് പിന്തുണയും സുജിത് കോശി വർഗീസിന് ഉണ്ടായിരുന്നു.
വീൽചെയറിന്റെ ആകൃതിയിലുള്ള തിരഞ്ഞെടുത്ത ട്രാക്ക്, നിശ്ചയദാർഢ്യമുള്ള ആളുകളെ പിന്തുണയ്ക്കാനുള്ള ദുബായ് പോലീസിന്റെ പ്രതിബദ്ധതയെ പ്രതീകപ്പെടുത്തുന്നു.
ദുബായ് പോലീസിന്റെ പിന്തുണക്ക് വർഗീസ് നന്ദിയും അറിയിച്ചു. ദുബായ് പോലീസിന്റെ ഇന്നൊവേഷൻ കൗൺസിൽ, ഇവന്റ്‌സ് സെക്യൂരിറ്റി കമ്മിറ്റി, അത്‌ലറ്റ്‌സ് കൗൺസിൽ, പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ എംപവർമെന്റ് കൗൺസിൽ എന്നിവയെല്ലാം തന്നെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
2013 ൽ തന്റെ പഠനകാലത്ത്, ബംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിലാണ് സുജിത് കോശി വർഗീസിന് അരക്ക് താഴേക്ക് തളർന്നുപോയത്.