ട്രെയിൻ യാത്രക്കിടെ യുവാവ് കോച്ചിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിന് പിന്നാലെ എലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിനുമിടയിൽ നിന്നും മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്നലെ രാത്രിയാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ അജ്ഞാതൻ യാത്രക്കാർക്ക് നേരെ ആക്രമണം നടത്തിയത്. സംഭവത്തിൽ 8 പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇതിൽ 5 പേരെ മെഡിക്കൽ കോളേജ് ആശുപതിയിലും 3 പേരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ടെത്തിയ 3 മൃതദേഹങ്ങൾ ട്രെയിനില്‍ തീ പടര്‍ന്നെന്ന് അറിഞ്ഞപ്പോള്‍ പുറത്തേക്ക് ചാടിയവരുടേതാകാമെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ ഒരു സ്ത്രീയും പുറത്തേക്ക് ചാടിയതായി ട്രെയിന്‍ കണ്ണൂര്‍ എത്തിയപ്പോള്‍ ട്രെയിനിലുണ്ടായിരുന്ന ചില യാത്രക്കാര്‍ പറഞ്ഞു.
മൃതദേഹങ്ങൾ അപകടം നടന്ന പാളത്തിന് സമീപമാണ് കണ്ടെത്തിയത്. ഇത് ഒരു പുരുഷന്‍റേയും സ്ത്രീയുടെയും കുട്ടിയുടെയുമായിരുന്നു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്ത്രീയും കുഞ്ഞും മട്ടന്നൂർ സ്വദേശികളാണെന്നാണ്. മരിച്ച പുരുഷനെ കുറിച്ചുള്ള വിവരം വ്യക്തമല്ല. ഗുരുതരമായ പരിക്കേറ്റത് സ്ത്രീകൾക്കാണ്. അക്രമിയെ കുറിച്ച് വ്യക്തമായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഇയാളെ തിരഞ്ഞുള്ള അന്വേഷണം ശക്തമായി നടക്കുകയാണ്.