മാർബർഗ് ഹെമറാജിക് ഫീവറിന് കാരണമാകുന്ന വൈറസിനെക്കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മാർബർഗ് വൈറസ് അടുത്തിടെ പടർന്നുപിടിച്ചതിനാൽ അത്യാവശ്യമില്ലെങ്കിൽ ടാൻസാനിയയിലേക്കും ഗിനിയയിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കാനും ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഈ രാജ്യങ്ങളിൽ നിന്നും യുഎഇയിലെത്തുന്നവർ ഐസോലേഷനിൽ കഴിയണമെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു.
കൂടാതെ ഇങ്ങനെയെത്തുന്ന യാത്രക്കാർ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലോ വൈദ്യസഹായം തേടണമെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ശുപാർശ ചെയ്തു.
“വൈറസ് ബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്തവർ മാർബർഗ് വൈറസ് രോഗം പടരുന്ന ഒരു പ്രദേശത്താണോ അല്ലെങ്കിൽ രോഗബാധിതരായ വ്യക്തികളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടോ എന്ന് മെഡിക്കൽ സ്റ്റാഫിനെ അറിയിക്കണം,” മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
21 ദിവസത്തിൽ കൂടുതലായി രക്തസ്രാവ പനിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരും വൈദ്യസഹായം തേടണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ വൈറസ് ബാധിച്ച് ഇതുവരെ 14 മരണങ്ങളെങ്കിലും ഇരു രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.