മൂന്ന് വർഷം മുമ്പ് ഒമാനിൽ നിന്ന് ദുബായിലേക്കുള്ള യാത്രയ്ക്കിടെ ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 20 വയസ്സുള്ള മുഹമ്മദ് ബെയ്ഗ് മിർസ എന്ന ഇന്ത്യൻ യുവാവിന് 5 മില്യൺ ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.
ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് ബെയ്ഗ് മിർസ റാസൽ ഖൈമയിൽ എന്‍ജിനീയറിങ് വിദ്യാർഥിയായിരുന്നു. റമദാൻ ഈദ് അവധിക്കാലം ബന്ധുക്കളോടൊപ്പം മസ്ക്കത്തിൽ ചിലവഴിച്ചു ബസിൽ മടങ്ങവേയായിരുന്നു അപകടം ഉണ്ടായത്.
ബസ് അപകടത്തെതുടർന്ന് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ബെയ്ഗ് രണ്ടര മാസത്തോളം ദുബായ് റാഷിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 14 ദിവസത്തോളം അബോധാവസ്ഥയിൽ തന്നെയായിരുന്നു.
മുഹമ്മദ് ബെയ്ഗിന്റെ അഭിഭാഷകർ പറയുന്നതനുസരിച്ച്, യുഎഇ ഇൻഷുറൻസ് അതോറിറ്റി, ഒരു പ്രാഥമിക ഒത്തുതീർപ്പ് കോടതിയിൽ ആദ്യം അദ്ദേഹത്തിന് ഒരു മില്യൺ ദിർഹം നഷ്ടപരിഹാരമായി നൽകിയിരുന്നു. തുടർന്ന് ഹർജിക്കാർ ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയെ സമീപിക്കുകയും നഷ്ടപരിഹാര തുക 5 മില്യൺ ദിർഹമായി പുതുക്കി വിധിക്കുകയും ചെയ്തു. ഈ തീരുമാനത്തെ ചോദ്യം ചെയ്ത് ഇൻഷുറൻസ് കമ്പനി രണ്ടുതവണ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി വിധി ശരിവയ്ക്കുകയായിരുന്നു. യുഎഇയുടെ ചരിത്രത്തിൽ ഒരിന്ത്യക്കാരനു ലഭിക്കുന്ന ഏറ്റവും വലിയ വാഹനാപകട നഷ്ടപരിഹാര തുകയാണിതെന്ന് അഡ്വക്കേറ്റ്സ് പ്രതിനിധികൾ പറഞ്ഞു.
2019 ജൂണിലാണ് ഒമാനിൽ നിന്ന് യുഎഇയിലേക്ക് വരികയായിരുന്ന ബസ് ദുബായിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നുള്ള അൽ റാഷിദിയ മെട്രോ സ്‌റ്റേഷൻ പാർക്കിംഗിന്റെ എൻട്രി പോയിന്റിൽ സ്ഥാപിച്ച ഓവർഹെഡ് ഹൈറ്റ് ബാരിയറിൽ ഇടിച്ചാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസിന്റെ ഇടത് ഭാഗം പൂർണ്ണമായും തകർന്നു, മൊത്തം 31 യാത്രക്കാരിൽ 17 പേർ മരിച്ചു, അതിൽ 12 പേർ ഇന്ത്യക്കാരായിരുന്നു.