വീട്ടുകാരോട് പിണങ്ങിയ 15 വയസുകാരി മൊബൈൽ ഫോൺ വിഴുങ്ങി. മദ്ധ്യപ്രദേശിലെ ഭീണ്ഡ് ജില്ലയിലാണ് സംഭവം. ഫോൺ വിഴുങ്ങിയതിനെ തുടർന്ന് അവശയായ പെൺകുട്ടിയെ വീട്ടുകാർ ഭീണ്ഡ് ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും, ഗുരുതരാവസ്ഥയിലായിരുന്നതിനാൽ ഡോക്ടർമാർ ഗ്വാളിയറിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു.
തുടർന്ന് ബന്ധുക്കൾ എത്രയും വേഗം കുട്ടിയെ ഗ്വാളിയറിലെ ജയ ആരോഗ്യ ആശുപത്രിയിൽ എത്തിച്ചു. കീപാഡ് ഫോണായിരുന്നു കുട്ടി വിഴുങ്ങിയത്. പരിശോധനയിൽ, മൊബൈൽ കുട്ടിയുടെ വയറ്റിൽ തങ്ങിയിരിക്കുന്നതായി ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഏകദേശം ഒരു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയക്കൊടുവിൽ, കുട്ടിയുടെ വയറ്റിൽ നിന്നും ഡോക്ടർമാർ മൊബൈൽ ഫോൺ പുറത്തെടുത്തു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിന് ആശുപത്രി സൂപ്രണ്ട് ഡോക്ടർമാരെ അഭിനന്ദിച്ചു. കുട്ടിയെ കൃത്യസമയത്ത് ഗ്വാളിയറിൽ എത്തിക്കാൻ നിർദ്ദേശിച്ച ഭീണ്ഡ് ആശുപത്രിയിലെ ഡോക്ടർമാരും അഭിനന്ദനം അർഹിക്കുന്നതായി ആശുപത്രി സൂപ്രണ്ട് ഡോക്ടർ ധാക്കദ് പറഞ്ഞു.