ദുബായിലെ വിവിധ തൊഴിൽ സ്ഥലങ്ങളിൽ നിന്നുള്ള നൂറുകണക്കിന് തൊഴിലാളികൾക്കൊപ്പം യുഎഇയുടെ മാനവവിഭവശേഷി, സ്വദേശിവൽക്കരണ വകുപ്പ് മന്ത്രി ഡോക്‌ടർ അബ്‌ദുൽ റഹ്മാൻ അൽ അവാർ ഇന്നലെ വെള്ളിയാഴ്ച നോമ്പ് തുറന്നു. മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
അൽ ഖവാനീജിലെ അൽ റാഷിദ് മസ്ജിദിൽ ബൈത്ത് അൽ ഖൈർ സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഇഫ്താറിലാണ് മന്ത്രിയടക്കമുള്ള ഉദ്യോഗസ്ഥർ തൊഴിലാളികൾക്കൊപ്പം നോമ്പ് തുറക്കാനെത്തിയത്.
“തൊഴിലാളികളുമായി അടുത്തിടപഴകുക, അവരെ ശ്രദ്ധിക്കുക, തൊഴിൽ വിപണിയിലെ അവരുടെ അനുഭവങ്ങളിൽ നിന്ന് പ്രയോജനം നേടുക എന്നിവ ഞങ്ങളുടെ കടമയാണ്. വിശുദ്ധ റമദാൻ അതിനുള്ള മികച്ച അവസരമാണ്,” ഇഫ്താർ ചടങ്ങിൽ മാനവവിഭവശേഷി മന്ത്രി ഡോക്‌ടർ അബ്‌ദുൽ റഹ്മാൻ അൽ അവാർ പറഞ്ഞു.
”യുഎഇയുടെ വികസനത്തിന് അവരുടെ ഒഴിച്ചുകൂടാനാവാത്ത സംഭാവനകൾക്ക് തൊഴിലാളികൾ അഭിനന്ദനവും ആദരവും അർഹിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.