കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് അവലോകനയോഗം ചേരും. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റെ നിർദ്ദേശ പ്രകാരമാണ് ഇത്. ആശുപത്രികളിലെ സൗകര്യം, വാക്സിനേഷൻ തോത്, മറ്റ് പ്രതിരോധ മാർഗങ്ങൾ എല്ലാം വിലയിരുത്തും. അതേസമയം, ദില്ലിയിലും മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന കോവിഡ് കേസുകൾ വീണ്ടും കൂടി. മഹാരാഷ്ട്രയിൽ കേസുകൾ 900 കടന്നു. ദില്ലിയിൽ ഒരു ദിവസം രോഗം സ്ഥിരീകരിച്ചത് 733 പേർക്കാണ്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളോട് പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനാണ് ആരോഗ്യ മന്ത്രാലയം നല്‍കുന്ന നിര്‍ദ്ദേശം. കോവിഡ് പ്രതിദിന കണക്ക് തുടർച്ചയായി ഉയരാൻ തുടങ്ങിയതോടെയാണ് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു ചേർത്തത്. സംസ്ഥാനങ്ങളിൽ കോവിഡ് അവലോകന യോഗം വിളിച്ചു ചേർക്കാനും ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നിർദേശിച്ചു. തിങ്കൾ, ചൊവ്വ ദിനങ്ങളിൽ സംസ്ഥാനങ്ങളിൽ മോക്ഡ്രിൽ നടത്തണമെന്നും യോഗത്തിൽ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. മോക് ഡ്രിൽ നടക്കുന്ന ആശുപത്രി സന്ദർശിക്കാനും ആരോഗ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.