ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ സന്ദർശനം നടത്തി. വൈകിട്ട് അഞ്ചരയോടെ പള്ളിയിലേക്കെത്തിയ അദ്ദേഹത്തെ വൈദികർ ചേർന്ന് സ്വീകരിച്ചു. മെഴുകുതിരി കത്തിച്ച ശേഷം പ്രധാനമന്ത്രി പ്രാർത്ഥനയിൽ പങ്കെടുത്തു. ഈസ്റ്റർ ആശംസകൾ നേരിട്ട് അറിയിക്കാനാണ് ഡൽഹിയിലെ ഏറ്റവും പുരാതനമായ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദർശിച്ചത്.
ഇരുപത് മിനിറ്റോളം പളളിക്കുള്ളിൽ ചിലവഴിച്ച് പുരോഹിതരുമായും വിശ്വസികളുമായും സംവദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
കഴിഞ്ഞ വർഷം ക്രിസ്മസിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമുവും ഡൽഹിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രല്‍ സന്ദർശിച്ചിരുന്നു. ന്യൂനപക്ഷങ്ങളോടുള്ള പിന്തുണ തെളിയിക്കുന്നതാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനമെന്ന് ഫാ. ഫ്രാൻസിസ് സ്വാമിനാഥനും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.