റമദാൻ, ഈദ് ദിവസങ്ങൾ മുതലെടുത്ത് യാചകർ കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നതായി നിരവധി റിപ്പോർട്ടുകൾ ലഭിച്ചതായി അധികൃതർ മുന്നറിയിപ്പ് നൽകി.
കൈക്കുഞ്ഞുങ്ങളെ ചുമക്കുന്ന സ്ത്രീകളും 12 വയസ്സിന് താഴെയുള്ള കുട്ടികളുമായും ഇഫ്താറിന് മുമ്പോ അല്ലെങ്കിൽ മറ്റ് സമയങ്ങളിലോ പണത്തിനായി ഭിക്ഷ യാചിച്ച് വാതിലിൽ മുട്ടുന്നതായി നിരവധി താമസക്കാർ പരാതിപ്പെട്ടിട്ടുണ്ട്.
എല്ലാ തെരുവുകളിലും മസ്ജിദുകളിലും ഷോപ്പിംഗ് ഏരിയകളിലും ഭിക്ഷാടനം തടയുന്നതിനായി അധികാരികൾ ബോധവൽക്കരണ പ്രവർത്തനങ്ങളും അടിച്ചമർത്തലുകളും ശക്തമാക്കിയിട്ടുണ്ട്. അതിനാൽ ഭിക്ഷാടകർ ഇപ്പോൾ പണം ആവശ്യപ്പെട്ട് അപ്പാർട്‌മെന്റുകളിലെ വാതിലുകളിൽ മുട്ടി കയറിയിറങ്ങുകയാണ്. ഇത്തരക്കാർ ഭക്ഷണവും വസ്ത്രവും നൽകുമ്പോൾ സ്വീകരിക്കുന്നില്ലെന്നും പണം മാത്രമാണ് ഇവരുടെ ലക്ഷ്യമെന്ന് താമസക്കാർ പറയുന്നു.
ഇത്തരക്കാരെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരമറിയിക്കണമെന്നും ഒരിക്കലും പണം നൽകരുതെന്നും പോലീസ് താമസക്കാരെ ഓർമ്മിപ്പിച്ചു. റമദാൻ മാസത്തിന് മുമ്പും ആദ്യ ആഴ്ചയിലും പോലീസ് ധാരാളം യാചകരെ പിടികൂടിയിട്ടുണ്ട്.