കൂടുതൽ മഴ ലഭിക്കുന്നതിനായി ക്ലൗഡ് സീഡിംഗ് വർദ്ധിപ്പിക്കാൻ ഹൈടെക് വിമാനങ്ങൾ വാങ്ങാനൊരുങ്ങുകയാണ് യുഎഇ. അതിനായി അബുദാബി ആസ്ഥാനമായുള്ള കാലിഡസ് എയ്‌റോസ്‌പേസുമായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) കരാർ ഒപ്പിട്ടു.
“വലിയ അളവിൽ ക്ലൗഡ് സീഡിംഗ് സാമഗ്രികൾ വഹിക്കാൻ ശേഷിയുള്ള ഒരു ടർബോപ്രോപ്പ് Wx-80 വിമാനമാണ് വാങ്ങുന്നത്, കൂടാതെ വിമാനത്തിൽ അത്യാധുനിക സുരക്ഷാ ഉപകരണങ്ങളും സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്നു,” NCM പ്രസ്താവനയിൽ പറഞ്ഞു.
മേഖലയിൽ ആദ്യമായി ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച രാജ്യങ്ങളിലൊന്നാണ് യുഎഇ. കിംഗ് എയർ സി-90 മോഡലുകളാണ് എൻസിഎം ഇപ്പോൾ ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്.
അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ വ്യത്യാസം വരുത്തി കൃത്രിമമഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിംഗ്. മേഘങ്ങളില്‍ മഴപെയ്യുവാന്‍ വേണ്ടി രാസപദാര്‍ത്ഥങ്ങളായ സില്‍വര്‍ അയോഡൈഡ്,ഡ്രൈ ഐസ് (മരവിപ്പിച്ച കാര്‍ബണ്‍ ഡയോക്‌സൈഡ്) എന്നിവ പൂജ്യം ഡിഗ്രിയേക്കാള്‍ താഴ്ന്ന ഊഷ്മാവില്‍ മേഘത്തിലേക്ക് വിമാനങ്ങൾ ഉപയോഗിച്ച് കലര്‍ത്തുകയാണ് ചെയ്യുന്നത്.