ദുബായിലെ വില്ലകളിൽ തുടർച്ചയായി മോഷണം നടത്തിയ ലാറ്റിനമേരിക്കയിൽ നിന്നുള്ള നാല് പേരടങ്ങുന്ന അന്താരാഷ്ട്രസംഘത്തെ ദുബായ് പൊലീസ് പിടികൂടി. വില്ലകളിൽ നിന്ന് പണവും രണ്ട് മില്യൺ ദിർഹം വിലമതിക്കുന്ന ആഭരണങ്ങളും വാച്ചുകളും ഇവർ മോഷ്ടിച്ചതായി പോലീസ് പറഞ്ഞു.
വില്ലകളുടെ ഉടമകൾ അവധിക്കാലം ആഘോഷിക്കാൻ വിദേശത്തേക്ക് പോയ തക്കം നോക്കിയാണ് സംഘം മോഷണം നടത്തിയത്. എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച ശേഷം ബാങ്ക് ഇടപാടുകാരനെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പോലീസിന്റെ പിടിയിലായത്. താമസക്കാർ പുറത്തുള്ള സമയം നോക്കി ദുബായിലെ നിരവധി റസിഡൻഷ്യൽ വില്ലകളിൽ മോഷണം നടത്താൻ ഇവർ പദ്ധതി ആവിഷ്കരിച്ചിരുന്നു.
രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന വില്ലകളുടെയും വീടുകളുടെയും ഉടമകൾ സൗജന്യ സേവനമായ “ഹോം സെക്യൂരിറ്റി” പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യണമെന്നും വലിയ തുകകളോ വിലപിടിപ്പുള്ള ആഭരണങ്ങളോ ഗാർഡുകൾ ഇല്ലാതെയോ അല്ലെങ്കിൽ മറ്റൊരാളുടെ സഹായമോ ഇല്ലാതെ കൊണ്ടുപോകരുതെന്നും ദുബായ് പോലീസ് ആവശ്യപ്പെട്ടു.