ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ ഭൗമ നിരീക്ഷണ നാനോ സാറ്റലൈറ്റ് DEWA-SAT 2 വിന്റെ വിക്ഷേപണം മൂന്നാം തവണയും മോശം കാലാവസ്ഥയെത്തുടർന്ന് മാറ്റിവെച്ചു.
യുഎസിലെ കാലിഫോർണിയയിലെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്ന് അന്തിമ കൗണ്ട്‌ഡൗണിന് തൊട്ടുമുമ്പാണ് വിക്ഷേപണം മാറ്റിവെക്കേണ്ടി വന്നത്. അടുത്ത വിക്ഷേപണ ശ്രമം നാളെ ഏപ്രിൽ 15 ന് രാവിലെ 10.47 ന് ആയിരിക്കുമെന്ന് SpaceX അറിയിച്ചു.
ലിത്വാനിയയിലെ നാനോ ഏവിയോണിക്‌സുമായി സഹകരിച്ച് അതോറിറ്റിയുടെ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്ററിൽ രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്ത ഈ പുതിയ ഉപഗ്രഹത്തിൽ ഉയർന്ന റെസല്യൂഷൻ ക്യാമറ (4.7 മീറ്റർ) ഉണ്ട്, അത് ഭൗമ നിരീക്ഷണ ദൗത്യങ്ങൾക്കായാണ് ഉപയോഗിക്കുക.
ഉയർന്ന മിഴിവുള്ള ക്യാമറ, ഏകദേശം 500 കിലോമീറ്റർ ഭ്രമണപഥത്തിൽ നിന്ന് 7 സ്പെക്ട്രൽ ബാൻഡുകളിൽ തുടർച്ചയായ ലൈൻ-സ്കാൻ ഇമേജിംഗ് നൽകുന്നു. ഹരിതഗൃഹ വാതകങ്ങൾ അളക്കുന്നതിനുള്ള ഇൻഫ്രാറെഡ് ഉപകരണങ്ങളും പുതിയ ഉപഗ്രഹത്തിൽ സജ്ജീകരിച്ചിച്ചിട്ടുണ്ട്.