പക്ഷി ഇടിച്ചതോടെ എഞ്ചിന് തീ പിടിച്ചതിനെ തുടർന്ന് വിമാനത്തിന് അടിയന്തര ലാൻഡിംഗ്. ഇന്നലെ ഒഹായോ വിമാനത്താവളത്തിലാണ് അമേരിക്കൻ എയർലൈൻസ് വിമാനമായ ബോയിംഗ് 737 എഎ1958 അടിയന്തര ലാൻഡിംഗ് നടത്തിയത്. പറന്നു കൊണ്ടിരിക്കുന്ന വിമാനത്തിന്റെ എഞ്ചിന് തീ പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. വിമാനത്തിനുള്ളിലെ യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നും മറ്റ് പ്രശ്‌നങ്ങൾ ഇല്ലെന്നും അധികൃതർ അറിയിച്ചു.
ഒഹിയോയിലെ അപ്പർ ആർലിംഗ്ടണിൽ നിന്ന് ഫീനിക്‌സിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു സംഭവം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പറഞ്ഞു. ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വിമാനത്തിന്റെ എഞ്ചിനിൽ പ്രശ്‌നങ്ങൾ കണ്ടതെന്ന് യാത്രക്കാരിലൊരാൾ പറയുന്നു. എഞ്ചിനിൽ നിന്ന് തീജ്വാലകളും വലിയ രീതിയിൽ ശബ്ദങ്ങളും കേട്ടതായും ഇയാൾ പറയുന്നു. വിമാനം ലാൻഡ് ചെയ്തതിന് ശേഷം എല്ലാവരേയും മറ്റൊരു വിമാനത്തിലേക്ക് മാറ്റിയതിന് ശേഷമാണ് യാത്ര തുടർന്നത്.