ഖോർഫക്കാൻ ബീച്ചിൽ ഒരു ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് കാസർകോട് സ്വദേശി മരിച്ച സംഭവത്തിൽ ടൂറിസ്റ്റ് ബോട്ട് ഓപ്പറേറ്റർമാർ ഒന്നിലധികം നിയമലംഘനങ്ങൾ നടത്തിയതായി ഷാർജ പോലീസ് വെളിപ്പെടുത്തി.
കഴിഞ്ഞ വെള്ളിയാഴ്ച ഖോർഫക്കാൻ ബീച്ചിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 38 കാരനായ കാസർകോട് നീലേശ്വരം സ്വദേശി അഭിലാഷ് വാഴവളപ്പിൽ മരിക്കുകയും ഏഴ് വയസുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബോട്ടിലുണ്ടായിരുന്ന 16 യാത്രക്കാരെ പ്രത്യേക സംഘം രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. പെരുന്നാൾ അവധി ആഘോഷിക്കാനാണ് അഭിലാഷ് സഹപ്രവർത്തകർക്കൊപ്പം ഖോർഫക്കാനിലെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 3.40 ഓടെയാണ് അപകടത്തെക്കുറിച്ച് പോലീസിൽ വിവരം ലഭിച്ചത്.
അപകടത്തിന് ഉത്തരവാദികളായവരെ തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ടെന്ന് കിഴക്കൻ മേഖലാ പോലീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ ഡോ അലി അൽ കായ് അൽ ഹമൂദി പറഞ്ഞു.
ബോട്ട് ഓപ്പറേറ്റർമാരോട് സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കണമെന്നും അനുവദനീയമായ എണ്ണത്തിൽ മാത്രം ബോട്ട് യാത്ര ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബോട്ടിലുള്ളവർ ലൈഫ് ജാക്കറ്റ് ധരിക്കണമെന്നും ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു.