ബഹിരാകാശ മേഖലയ്ക്ക് മറ്റൊരു ചരിത്ര നാഴികക്കല്ല് കൂടി സൃഷ്ടിച്ചുകൊണ്ട് യുഎഇയുടെ റാഷിദ് റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നത് ലൈവ് ആയി കാണാനാകുമെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ (MBRSC) ഇന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
http://mbrsc.ae/live/ എന്ന ലിങ്ക് വഴി രാത്രി 8 മണിക്ക് വെബ്‌സൈറ്റിൽ തത്സമയ കവറേജ് ആരംഭിക്കുമെന്ന് MBRSC അറിയിച്ചു. റാഷിദ് റോവർ വഹിക്കുന്ന ലാൻഡർ ബഹിരാകാശ പേടകമായ HAKUTO-R മിഷൻ 1 ലൂണാർ ലാൻഡറിന്റെ (HAKUTO-R M1) ലാൻഡിംഗ് സമയം, ഇന്ന് രാത്രി 16:40 UTC (യുഎഇ സമയം രാത്രി 8.40) ആണ്.
100 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ നിന്ന് ഏകദേശം 15:40 UTC (യുഎഇ സമയം 7.40pm) മുതൽ ലാൻഡിംഗ് സീക്വൻസ് ആരംഭിക്കുമെന്ന് ലാൻഡർ നിർമ്മിച്ച ജാപ്പനീസ് ചാന്ദ്ര പര്യവേക്ഷണ കമ്പനിയായ ഐസ്‌പേസ് അറിയിച്ചു. ഈ ദൗത്യം വിജയിച്ചാൽ ചന്ദ്രനില്‍ പേടകമിറക്കുന്ന ആദ്യ അറബ് രാജ്യമായും ലോകത്തിലെ നാലാമത്തെ രാജ്യമായും യുഎഇ മാറും.