യുഎഇയിൽ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി ജനുവരിയിൽ ആരംഭിച്ചതിന് ശേഷം വരിക്കാരുടെ എണ്ണം 1.29 മില്ല്യൺ കവിഞ്ഞതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഏപ്രിൽ 5 ലെ വരിക്കാരുടെ എണ്ണം 1 മില്യണിൽ നിന്ന് 1,290,137 വരിക്കാരായി ഉയർന്നു. ജീവനക്കാർ 2023 ജൂൺ 30-നകം സ്കീമിൽ വരിക്കാരാകണം. ഇല്ലെങ്കിൽ 400 ദിർഹം പിഴ ഈടാക്കും.
ഇൻഷ്വർ ചെയ്ത വ്യക്തിക്ക് അവന്റെ/അവളുടെ തൊഴിലില്ലായ്മ സമയത്ത് പരിമിതമായ സമയത്തേക്ക് വരുമാനം നൽകുക, തൊഴിൽ വിപണിയിൽ സ്വദേശികളുടെ മത്സരശേഷി വർദ്ധിപ്പിക്കുക, തൊഴിൽരഹിതർക്ക് തുടർന്നും മാന്യമായ ജീവിതം ഉറപ്പാക്കുന്നതിന് സാമൂഹിക സംരക്ഷണം നൽകുക,
മികച്ച അന്താരാഷ്‌ട്ര പ്രതിഭകളെ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യുന്നതിലൂടെ ഒരു മത്സരാധിഷ്ഠിത വിജ്ഞാന സമ്പദ്‌വ്യവസ്ഥ കൈവരിക്കുക എന്നതൊക്കെയാണ് യുഎഇയിലെ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി ലക്ഷ്യമിടുന്നത്.
അച്ചടക്ക നടപടിയോ രാജിയോ ഒഴികെയുള്ള കാരണങ്ങളാൽ ജോലി നഷ്ടപ്പെട്ട ജീവനക്കാർക്ക് പുതിയ ജോലി കണ്ടെത്തുന്നതുവരെ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി സുരക്ഷിതത്വം നൽകുന്നു.