യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ഇന്ന് മെയ് 6 ശനിയാഴ്ച, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) വരാനിരിക്കുന്ന കാർഗോ ബഹിരാകാശ പേടകത്തിന് വഴിയൊരുക്കുന്നതിനായി തങ്ങളുടെ സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിന്റെ ഡോക്കിംഗ് പോർട്ട് മാറ്റാനുള്ള ദൗത്യത്തിൽ ചേരുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (MBRSC) അറിയിച്ചു.
യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയും മൂന്ന് സഹപ്രവർത്തകരും ഈ ഡ്രാഗൺ ക്യാപ്‌സ്യൂൾ മാറ്റിസ്ഥാപിക്കൽ ദൗത്യത്തിൽ പങ്കെടുക്കും. ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോയ ബഹിരാകാശ പേടകത്തെ മറ്റൊരു സ്ഥലത്തേക്ക് ഡോക്ക് ചെയ്യും. ജൂണിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ചരക്ക് കപ്പലിന്റെ ഡോക്ക് ക്ലിയർ ചെയ്യാൻ ഇവരുടെ ദൗത്യം സഹായിക്കും.
43 മിനിറ്റ് ദൈർഘ്യമുള്ള ഈ ടാസ്‌ക്ക് നാസയുടെ വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ ചാനലുകളിലും തത്സമയ സ്ട്രീം വഴി സംപ്രേക്ഷണം ചെയ്യും, ഉച്ചകഴിഞ്ഞ് 3 മണിക്ക് തത്സമയം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3.10 ന് സ്റ്റേഷന്റെ ഹാർമണി മൊഡ്യൂളിന്റെ സ്പേസ് ഫേസിംഗ് പോർട്ടിൽ നിന്ന് അവർ അൺഡോക്ക് ചെയ്ത് 3.53 ന് ഓർബിറ്റിംഗ് ലാബിന്റെ ഫോർവേഡ് ഹാർമണി പോർട്ടിൽ പാർക്ക് ചെയ്യും.