കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിനുണ്ടായ തീപിടുത്തത്തിൽ ഫയർ ഫോഴ്സ് ജീവനക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം തുമ്പയിലെ കിൻഫ്രപാർക്കിലെ സംഭരണ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. ആളിപ്പടർന്ന തീയണക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനാംഗത്തിന് ദാരുണാന്ത്യം സംഭവിക്കുകയായിരുന്നു.
ആറ്റിങ്ങൽ സ്വദേശി രഞ്ജിത്ത് (32) ആണ് മരിച്ചത്. തീയണക്കുന്നതിനിടെ താബൂക്ക് കൊണ്ട് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പുലർച്ചെ 1:30 ഓടെയായിരുന്നു വലിയ ശബ്ദത്തോടെ ഗോഡൗണിൽ പൊട്ടിത്തെറിയുണ്ടായത്. ഈ സമയം അവിടെ സെക്യൂരിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. ബ്ലീച്ചിംഗ് പൗഡറിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. മരുന്നുകലോക്കെ മറ്റൊരു കെട്ടിടത്തിലായിരുന്നു. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂർണ്ണമായും കത്തിയമർന്നു.