ഒഡീഷയിലെ ബാലേശ്വറിന് സമീപത്തുണ്ടായ ട്രെയിൻ അപകടത്തെക്കുറിച്ചുള്ള അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. സിഗ്നലിങിനെ പിഴവാണ് അപകടകാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം ഇത് വിശദമായി പരിശോധിക്കും. അന്വേഷണത്തിന്‍റെ കാരണം കണ്ടെത്താനാണ് അന്വേഷണത്തിലൂടെ ലക്ഷ്യമിടുന്നത്. കോറമാണ്ടൽ എക്സ്പ്രസ് മെയിൻ ലൈനിലൂടെ പോകാനാണ് ആദ്യം സിഗ്നൽ നൽകിയതെങ്കിലും അത് പിൻവലിച്ചതായി വ്യക്തമായിട്ടുണ്ട്. ഇതോടെയാണ് ട്രെയിൻ ലൂപ് ലൈനിലേക്ക് കടന്നതെന്നാണ് റിപ്പോർട്ട്.
ട്രെയിൻ അപകടത്തിൽ പരിക്കേറ്റ് അത്യാഹിതവിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന 56 പേരുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. ഇതുവരെ 294 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. നിസാര പരിക്കേറ്റ ഭൂരിഭാഗം പേരും വീടുകളിലേക്ക് മടങ്ങിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ട്രാക്കിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കിവരുകയാണ്. അപകടത്തിൽ തകർന്ന ട്രാക്കിന്റെ പുനർനിർമാണം ഇന്ന് നടക്കും. വൈകുന്നേരത്തോടെ ഒരു ട്രാക്കിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. അപകടത്തിൽ മരിച്ചവരിൽ തിരിച്ചറിഞ്ഞ 160 പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി. ഇവരുടെ മൃതദേഹങ്ങൾ ജന്മ നാടുകളിലേക്ക് കൊണ്ടുപോകാൻ നടപടി തുടങ്ങി. തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾക്ക് ഡി എൻ എ പരിശോധന നടത്തുമെന്ന് ഒഡീഷ ചീഫ് സെക്രട്ടറി അറിയിച്ചു.