നാർക്കോട്ടിക് കൺട്രോൾ കൗൺസിൽ രൂപീകരിക്കുന്നതിന് യുഎഇ കാബിനറ്റിന്റെ അംഗീകാരം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ നാർക്കോട്ടിക് കൺട്രോൾ കൗൺസിൽ പ്രഖ്യാപിച്ചത്.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലുള്ള ഈ കൗൺസിൽ, മയക്കുമരുന്ന് ആസക്തികൾ നേരത്തേ കണ്ടെത്തുന്നതിനുള്ള മാർഗങ്ങൾ രൂപീകരിക്കും.
ഈ കൗൺസിൽ മയക്കുമരുന്ന് അടിമകൾക്കുള്ള മെഡിക്കൽ, മാനസിക, പുനരധിവാസ ചികിത്സാ സംവിധാനങ്ങളെ ശക്തിപ്പെടുത്തും, ഇതിൽനിന്നും മുക്തി നേടിയവരെ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഒരുക്കങ്ങളും നടത്തും.
മയക്കുമരുന്ന് ഈ കാലഘട്ടത്തിന്റെ വിപത്താണ്, ഇത് യുവാക്കളെ ലക്ഷ്യമിടുന്ന ഒരു പകർച്ചവ്യാധിയുമാണ്, “മയക്കുമരുന്നിനെതിരെ പോരാടുക എന്നത് ഓരോ രക്ഷാധികാരിയുടെയും ഓരോ സർക്കാരിന്റെയും സുരക്ഷാ ഉദ്യോഗസ്ഥന്റെയും ദേശസ്നേഹ കടമയാണ്.” ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.