കുവൈത്തിൽ ബലിപെരുന്നാൾ അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂൺ 27 ചൊവ്വാഴ്ച അറഫാ ദിനം മുതൽ ജൂലൈ 2 ഞായർ വരെ ആറ് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കുവൈറ്റ് സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ 3 തിങ്കളാഴ്ച മുതൽ ജോലി പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
യുഎഇയിലും ബലിപെരുന്നാളിന് അഞ്ച് ദിവസത്തെ അല്ലെങ്കിൽ ആറ് ദിവസത്തെ അവധി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂൺ19 തിങ്കളാഴ്ച ദുൽഹിജ്ജ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചിരുന്നു. അറഫാ ദിനം ജൂൺ 27 ചൊവ്വാഴ്ചയും ദുൽഹിജ്ജയുടെ പത്താം ദിവസം ജൂൺ 28 ബുധനാഴ്ച്ച ബലിപെരുന്നാളും (ഈദ് അൽ അദ്ഹ) ആയിരിക്കുമെന്നാണ് അൽ ജർവാൻ പ്രവചിച്ചിട്ടുള്ളത്. ഇതുപ്രകാരം ജൂൺ 27 ചൊവ്വാഴ്ച അറഫാ ദിനം മുതൽ ജൂൺ 28 ബുധനാഴ്ച്ച മുതൽ ബലിപെരുന്നാളിന്റെ അവധികൾ വ്യാഴവും, വെള്ളിയും, വാരാന്ത്യഅവധിദിനങ്ങളായ ശനിയും, ഞായറുമടക്കം ജൂലൈ 2 വരെ യുഎഇയിൽ 6 ദിവസത്തെ അവധിദിനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.