ദുബായിൽ കാറിന് തീപിടിച്ച് മരണപ്പെട്ട ഡ്രൈവറെ തിരിച്ചറിയാൻ ദുബായ് പോലീസിനെ സഹായിച്ചത് 70 മീറ്റർ അകലെ കിടന്ന കടലാസ് കഷണം. ഒരു ഡ്രൈവർ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അനധികൃതമായി എക്സിറ്റ് എടുക്കാൻ ശ്രമിക്കുമ്പോൾ തെന്നിമാറി ഒരു ട്രക്കിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിക്കുകയുമായിരുന്നു. സംഭവത്തിൽ കാർ പൂർണ്ണമായും കത്തിനശിക്കുകയും ഡ്രൈവർ സംഭവസഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. പക്ഷെ മരിച്ചയാളെ തിരിച്ചറിയാനായി പോലീസ് ബുദ്ധിമുട്ടിയിരുന്നു. കത്തിയ കാറിന്റെ നമ്പർ പ്ലേറ്റിൽ നിന്ന് രണ്ട് അക്കങ്ങൾ മാത്രമാണ് പോലീസിന് ലഭിച്ചത്.
പിന്നീട് അന്വേഷകരിൽ ഒരാൾ റോഡിലെ ഇരുമ്പ് തടയണയിൽ ഒരു കടലാസ് കഷ്ണം കുടുങ്ങിയത് ശ്രദ്ധിക്കുകയും അതൊരു സർക്കാർ ഏജൻസിയിൽ നിന്നുള്ള കടലാസ് ആണെന്ന് തിരിച്ചറിയുകയുമായിരുന്നു. ഇതിൽ നിന്ന് പോലീസ് പേപ്പറിലെ വാഹന ഉടമയെ ബന്ധപ്പെട്ടപ്പോൾ അയാൾ ഈ കാർ മരണപ്പെട്ടയാൾക്ക് ലോൺ നൽകിയതാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബർ ദുബായ് പോലീസ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.