ദുബായിലെ ടണലുകളിലെ പരമ്പരാഗത ലൈറ്റിംഗ് യൂണിറ്റുകൾക്ക് പകരം ഇപ്പോൾ പരിസ്ഥിതി സൗഹൃദ എൽഇഡി ലൈറ്റുകൾ ആക്കി മാറ്റുകയാണെന്ന് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
കുറഞ്ഞത് 39 റോഡ് ടണലുകളിലും മൊത്തം 22.6 കിലോമീറ്റർ ക്രോസിംഗുകളിലുമായി ഇപ്പോൾ 14,400 പരമ്പരാഗത ലൈറ്റിംഗ് യൂണിറ്റുകൾക്ക് പകരം പരിസ്ഥിതി സൗഹൃദ എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. എയർപോർട്ട് ടണൽ, ഷിന്ദഘ ടണൽ, ദുബായ് മാൾ ടണൽ, ദുബായ് വേൾഡ് ട്രേഡ് സെന്റർ ടണൽ എന്നിവയുൾപ്പെടെ ദുബായിലെ ചില പ്രമുഖ റോഡ് ടണലുകളിലാണ് ആറ് മാസത്തെ പദ്ധതിയിലായി ലൈറ്റുകൾ മാറ്റിസ്ഥാപിച്ചിരിക്കുന്നത്. എൽഇഡി ലൈറ്റിംഗ് യൂണിറ്റുകൾക്ക് പരമ്പരാഗത ലൈറ്റിംഗ് യൂണിറ്റുകളേക്കാൾ 60% കുറവ് ഊർജ്ജം മതിയാകും. പഴയ ലൈറ്റുകളെ അപേക്ഷിച്ച് 177% വരെ ആയുസ്സ് ലഭിക്കും.
പരമ്പരാഗത ലൈറ്റിംഗ് യൂണിറ്റുകളുടെ 18,000 മണിക്കൂറുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ലൈറ്റുകൾക്ക് 50,000 മണിക്കൂർ ആയുസ്സുണ്ട്, ഇത് ലൈറ്റുകൾ മാറ്റിസ്ഥാപിക്കുന്നതിന്റെ ആവൃത്തി കുറയ്ക്കുകയും അറ്റകുറ്റപ്പണികളും പ്രവർത്തന ചെലവുകളും കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, പരമ്പരാഗത വിളക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഊർജ്ജ നഷ്ടത്തിലും താപ ഉദ്വമനത്തിലും 20% കുറവുണ്ട്, ഇത് യൂണിറ്റുകളുടെ ലൈറ്റിംഗ് പ്രവർത്തന സംവിധാനത്തിന്റെയും ടണലുകളുടെ ഊർജ്ജ വിതരണ ശൃംഖലയുടെയും കാര്യക്ഷമത വർദ്ധിപ്പിക്കുന്നുവെന്നും അതോറിറ്റി പറഞ്ഞു.