ഷാർജ അൽ ഖാസിമി ഹോസ്പിറ്റലിലെ ഒരാളുടെ ജീവൻ രക്ഷാ ശസ്ത്രക്രിയക്കായി ദുബായിൽ നിന്ന് കിഡ്‌നി വേഗത്തിൽ എത്തിക്കുന്നതിൽ വിജയിച്ചതായി അധികൃതർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി സപ്പോർട്ടിലെ ഒരു വിഭാഗമായ എയർ വിംഗ് ഡിപ്പാർട്ട്‌മെന്റ് ആണ് ദുബായ് ഹോസ്പിറ്റലിൽ നിന്ന് കിഡ്‌നി എയർലിഫ്റ്റിംഗ് നടത്തിയത്.
ഷാർജ അൽ ഖാസിമി ഹോസ്പിറ്റലിൽ നിന്ന് അടിയന്തര വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ അഭ്യർത്ഥന ലഭിച്ചതിനെത്തുടർന്നാണ് എയർ വിംഗ് ഡിപ്പാർട്ട്‌മെന്റ് എയർലിഫ്റ്റിംഗ് നടത്തിയത്. എയർലിഫ്റ്റിംഗ് സമയത്ത് മെഡിക്കൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കിയിരുന്നു.
യുഎഇയിൽ സുരക്ഷാ ചുമതലകൾ കൂടാതെ ഇതുപോലുള്ള മാനുഷിക ദൗത്യങ്ങളും എയർ വിംഗ് ഡിപ്പാർട്ട്‌മെന്റ് നിറവേറ്റാറുണ്ട്. ഗുരുതരമായ കേസുകളിൽ ഗതാഗതം വേഗത്തിലാക്കാനും,അപകടത്തിൽപ്പെട്ടവർക്കും ഗുരുതര അവസ്ഥകളുള്ള പ്രായമായ രോഗികൾക്കുള്ള എയർ ആംബുലൻസ് സേവനങ്ങളും ലഭ്യമാക്കാറുണ്ട്.