ബൈപാർജോയ് ചുഴലിക്കാറ്റ് കരതൊട്ടു. ഗുജറാത്ത് തീരത്ത് ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ഗുജറാത്ത് തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ബൈപാർജോയ് കരതൊടുമെന്ന മുന്നറിയിപ്പ് വന്നതോടെ ഒരു ലക്ഷത്തോളം പോരെ കച്ച് മേഖലയിൽനിന്ന് മാറ്റിപാർപ്പിച്ചു. ബിപോർജോയി കരതൊടുമ്പോൾ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കച്ച്, ജുനാഗഡ്, പോർബന്തർ, ദ്വാരക എന്നിവിടങ്ങളിൽ കടൽ പ്രക്ഷുബ്ധമാണ്.
മുൻകരുതലിന്‍റെ ഭാഗമായി ഗുജറാത്തിൽ 76 ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടമുണ്ടായിട്ടുണ്ട്. പല സ്ഥലങ്ങളിലും വൈദ്യുതബന്ധം താറുമാറായി. വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.