ഷാർജയിലെ കൽബയിൽ അമിതവേഗതയിലെത്തിയ വാഹനം ഇടിച്ച് റോഡരികിൽ ജോലി ചെയ്തിരുന്ന ഒരു സ്വദേശി മരിച്ചു. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 38 വയസ്സായിരുന്നു.
കൽബ മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം ഔദ്യോഗിക ചുമതലകളുടെ ഭാഗമായി വാദി അൽ ഹെലോയിലെ റോഡിന്റെ സൈഡിൽ വാഹനം പാർക്ക് ചെയ്‌ത് പുറത്തിറങ്ങി ജോലി നിർവഹിക്കുന്നതിനിടെയാണ് അമിതവേഗതയിലെത്തിയ ഒരു കാർ വന്നിടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിൽ കലാശിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അപകടമുണ്ടാക്കിയ ഡ്രൈവറെ തുടർ നിയമനടപടികൾക്കായി പോലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
ഡ്രൈവർമാർക്ക് ക്ഷീണം തോന്നിയാൽ സുരക്ഷിതമായ സ്ഥലത്ത് നിർത്തി വിശ്രമിക്കണമെന്ന് ഷാർജ പോലീസ് വീണ്ടും ഓർമ്മിപ്പിച്ചു. വാഹനം ഓടിക്കുന്നതിന് മുമ്പ് മതിയായ വിശ്രമം എടുക്കണമെന്നും അധികൃതർ ആവർത്തിച്ച് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.