ദുബായ് അൽ ബർഷയിലെ മാൾ ഓഫ് എമിറേറ്റ്‌സിൽ വൈദ്യുതി മുടങ്ങിയതിനെതുടർന്ന് VOX സിനിമാസിലെ കാണികളേയും, മാളിലെ സന്ദർശകരെയും ഒഴിപ്പിച്ചു. മാൾ ഓഫ് എമിറേറ്റ്‌സിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12.40 ഓടെയാണ് വൈദ്യുതി തടസ്സം നേരിട്ടത്.
വൈദ്യുതി തടസ്സം നേരിട്ട സമയത്ത് ഏകദേശം മാളിലെ കച്ചവടം നടക്കുന്ന സമയം കഴിഞ്ഞിരുന്നു. എന്നാൽ VOX സിനിമാസിൽ സിനിമാപ്രദർശനം നടക്കുന്നുണ്ടായിരുന്നു. തുടർന്ന് മാൾ അധികൃതരെത്തി കാണികളെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചു. ടിക്കറ്റെടുത്തവർക്ക് 6 മാസത്തിനുള്ളിൽ റിഡീം ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്താമെന്നും ഉറപ്പ് നൽകി. മാളിലെ വൈദ്യുതി ഉടൻ തന്നെ പുനഃസ്ഥാപിച്ചതായും അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു. പെട്ടെന്നുണ്ടായ വൈദ്യതി തടസത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ദുബായിൽ ആദ്യമായിട്ടാണ് ഇത്തരമൊരു അനുഭവമുണ്ടായതെന്ന് മാളിൽ വന്ന പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു. ദുബായിൽ ഇങ്ങനെ വൈദ്യുതി മുടങ്ങുന്നതും വളരെ അപൂർവമാണ്. 2017 ഏപ്രിലിൽ ദുബായ് മാളിൽ രണ്ട് മണിക്കൂറോളം വൈദ്യുതി മുടങ്ങിയിരുന്നു. അടുത്ത ദിവസം തന്നെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരോടും കമ്പനികളോടും തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ അധിക പവർ ജനറേറ്ററുകൾ സ്ഥാപിക്കാനും ഉത്തരവിട്ടിരുന്നു.