രാഷ്ട്ര സേവനത്തിന്റെ അമ്പതാം വർഷം പൂർത്തിയാക്കുന്ന ശൈഖ് മുഹമ്മദിന് ആശംസകളുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി. ദുബായിയെയും യു എ ഇയേയും ഇന്ന് കാണുന്ന പുരോഗതികളിലേക്ക് നയിച്ച ദീർഘദർശിയായ നേതാവാണ് ശൈഖ് മുഹമ്മദ് എന്ന് അദ്ദേഹം പറഞ്ഞു.
“ദുബായിയെയും യു എ ഇയേയും വ്യവസായ സൗഹൃദവും സാംസ്കാരികമായി മുന്നിട്ടതും സുരക്ഷിതവും സഹിഷ്ണുതയിൽ ഊന്നിയതുമായ ഒരു ആധുനിക രാജ്യമാക്കി മാറ്റിയ ക്രാന്തദർശിയായ നേതാവാണ് അദ്ദേഹം. ഇന്ന് ഇരുന്നൂറിലധികം ദേശീയതകളിൽ പെട്ട ദശലക്ഷക്കണക്കിനു മനുഷ്യർക്ക് ഓരോ വർഷവും അഭയം നൽകുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ചതിലൂടെ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ലോകത്തിനാകെ മാതൃകയായിരിക്കുന്നു.” അദ്ദേഹം പറഞ്ഞു.
ദുബായ് ഭരണാധികാരിയും യു എ ഇ ഉപപ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂം യു എ ഇ രാഷ്ട്ര രൂപീകരണത്തിനു മുമ്പ് തന്നെ ആരംഭിച്ച രാഷ്ട്ര സേവനമാണ് ഇപ്പോൾ സ്തുത്യർഹമായ അമ്പതാം വർഷത്തിലേക്ക് കടക്കുന്നത്. രാജ്യത്തെ ആദ്യ പ്രതിരോധ മന്ത്രിയായിരുന്ന അദ്ദേഹം 2006 ലാണ് ദുബായ് ഭരണാധികാരിയായത്.