മഞ്ഞുമലയിൽ ഇടിച്ച് അറ്റ്‌ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ആഡംബരക്കപ്പൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റൻ അന്തർവാഹിനിയിലെ യാത്രക്കാർ മരിച്ചതായി നിഗമനം. കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ അന്തര്‍വാഹിനി ഉള്‍വലിഞ്ഞ് തകർന്നതാണെന്ന നിഗമനത്തിലാണ് അധികൃതര്‍.
ദുബായ് ആസ്ഥാനമായുള്ള ശതകോടീശ്വരൻ ഹാമിഷ് ഹാർഡിംഗ്, കറാച്ചി ആസ്ഥാനമായ വൻകിട ബിസിനസ് ഗ്രൂപ്പ് ‘എൻഗ്രോ’ യുടെ ഉടമ ഷഹ്‌സാദാ ദാവൂദ്, മകൻ സുലേമാൻ, ഫ്രഞ്ച് ഡൈവർ പോൾ ഹെൻറി നാർജിയോലെറ്റ്, ഓഷ്യൻ ഗേറ്റ് എക്സ്‌പെഡീഷൻസ് സിഇഒ സ്‌റ്റോക്ടൺ റഷ് എന്നിങ്ങനെ ടൈറ്റന്‍ അന്തര്‍വാഹിനിയിലെ അഞ്ച് യാത്രക്കാരും മരിച്ചതായി വിശ്വസിക്കപ്പെടുന്നു, യുഎസ് കോസ്റ്റ് ഗാർഡും കപ്പലിന്റെ ഓപ്പറേറ്റർ ഓഷ്യൻഗേറ്റും വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ ടൈറ്റാനിക്കിനടുത്ത് കണ്ടെത്തിയ അവശിഷ്ടങ്ങൾ ടൈറ്റൻ അന്തര്‍വാഹിനിയുടെ പൊട്ടിത്തെറിക്ക് ശേഷമുള്ളതാകാമെന്നും ഫസ്റ്റ് കോസ്റ്റ് ഗാർഡ് ഡിസ്ട്രിക്റ്റിന്റെ കമാൻഡർ റിയർ അഡ്മിഷൻ ജോൺ മൗഗർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കടലിന്റെ അടിത്തട്ടിൽ ടൈറ്റാനിക്കിന്റെ വില്ലിൽ നിന്ന് 1,600 അടി അകലെയാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. എന്നാൽ ടൈറ്റൻ വളരെ നേരത്തെതന്നെ പൊട്ടിത്തെറിച്ചിട്ടുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
96 മണിക്കൂറിലേക്ക് ആവശ്യമായ ഓക്സിജനുമായി അഞ്ചംഗ സംഘം ഞായർ പുലർച്ചെയാണ് ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാൻ അറ്റ്‌ലാന്റിക്കിന്റെ അടിത്തട്ടിലേക്ക് പോയത്. 1.45 മണിക്കൂറിൽ പേടകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.