യുഎഇയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന തീപിടിത്തങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
യുഎഇയിൽ കഴിഞ്ഞ വർഷം 2022-ൽ 3000-ത്തിലേറെ തീപിടിത്തസംഭവങ്ങളോട് പ്രതികരിച്ചതായി സിവിൽ ഡിഫൻസ് ടീമുകൾ അറിയിച്ചു. ഭൂരിഭാഗം തീപിടിത്തങ്ങളും റെസിഡൻഷ്യൽ ഏരിയകളിലാണ് നടന്നത്. 1,385 തീപിടിത്തങ്ങൾ വീടുകളിലും അപ്പാർട്ട്‌മെന്റുകളിലും, വാണിജ്യ കെട്ടിടങ്ങളിൽ 256 ഉം, ഫാമുകളിൽ 153 ഉം, പൊതു സേവന കേന്ദ്രങ്ങളിൽ 122 തീപിടിത്തങ്ങളും ഉണ്ടായതായി മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ വർഷം അബുദാബിയിൽ 860 ലധികം തീപിടിത്തങ്ങൾ ഉണ്ടായപ്പോൾ, അജ്മാനിൽ 396 ഉം, ദുബായിൽ 321 ഉം, ഷാർജയിൽ 235 ഉം, ഫുജൈറ, റാസൽഖൈമ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ യഥാക്രമം 149, 148, 60 തീപിടിത്തങ്ങളും ഉണ്ടായി. കണക്കുകളിൽ മരണത്തെക്കുറിച്ചോ പരിക്കുകളെക്കുറിച്ചോ ഉള്ള വിവരങ്ങൾ നൽകിയിട്ടില്ല.
അബുദാബിയിലെ വില്ലയിലുണ്ടായ തീപിടിത്തത്തിൽ എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ സന്നദ്ധപ്രവർത്തകയായ ഫാത്തിമ അൽ ഹൊസാനി ഉൾപ്പെടെ ആറ് പേർ മരിച്ചതിന് ഒരു മാസത്തിന് ശേഷമാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും മനുഷ്യന്റെ പിഴവും സുരക്ഷാ സംസ്‌കാരത്തിന്റെ അഭാവവുമാണ് തീപിടിത്തങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണമെന്ന് അധികൃതർ പറഞ്ഞു. അഗ്നി സുരക്ഷ ഒരിക്കലും നിസ്സാരമായി കാണരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.