ദുബായ് സിവിൽ ഡിഫൻസ് എമിറേറ്റിലെ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളുടെ വീടുകളിൽ ഫയർ ഡിറ്റക്ഷൻ സിസ്റ്റം (Hassantuk) സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ദുബായ് സിവിൽ ഡിഫൻസ് ജനറൽ ഡയറക്‌ടറേറ്റ് അറിയിച്ചു.
ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശത്തെ തുടർന്നാണ് 30 മില്യൺ ദിർഹം മൂല്യമുള്ള പദ്ധതി. എമിറേറ്റിലുടനീളം സുരക്ഷ ഉറപ്പുവരുത്തുന്നതിനും താമസക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് ഇത് ലക്ഷ്യമിടുന്നത്.
ദുബായിൽ അഗ്നിബാധ കണ്ടെത്തുന്നതിനുള്ള മുൻകൂർ മുന്നറിയിപ്പ് ഉപകരണങ്ങൾ നൽകുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ദുബായ് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിനാണ്. കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് മന്ത്രാലയവും ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയും ഏകോപിപ്പിച്ച് രാജ്യത്തെ താഴ്ന്ന വരുമാനക്കാരായ ദുബായിലെ പ്രോപ്പർട്ടികളുടെ യോഗ്യരായ ഭവന ഉടമകളെയും താമസക്കാരെയും കണ്ടെത്തും.
സ്മാർട്ട് സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളുന്ന പുതിയ സംവിധാനത്തിന് 24 മണിക്കൂറും വീടുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയും. തീപിടിത്തമോ അത്യാഹിതമോ ഉണ്ടായാൽ ഉടൻ താമസക്കാരെ അറിയിക്കാനും സാധിക്കും.